ചെന്നൈ: കോഴ വാങ്ങി നിയമനം നടത്തിയ കേസിൽ വൈദ്യുതി – എക്സൈസ് വകുപ്പ് മന്ത്രി അറസ്റ്റിലായതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളുമായി സ്റ്റാലിൻ സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഔദ്യോഗിക വസതിയിൽ മുതിർന്ന മന്ത്രിമാരടക്കമുള്ളവരുടെ മീറ്റിംഗ് വിളിച്ചു.രാഷ്ട്രീയ എതിരാളികൾക്കുനേരെയുള്ള ബി ജെ പിയുടെ പിൻവാതിൽ തന്ത്രങ്ങൾ വിലപ്പോകില്ലെന്ന് സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രി ബാലാജി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പിന്നെ അന്വേഷണ സംഘം എന്തിന് സെക്രട്ടേറിയറ്റിൽ കയറിയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊട്ടിക്കരയുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉദയനിധി സ്റ്റാലിൻ അടക്കമുള്ള മന്ത്രിമാർ ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
2011 - 15കാലത്ത് സെന്തിൽ ബാലാജി ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു. ഈ കാലയളവിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർ, കണ്ടക്ടർ നിയമനങ്ങൾക്ക് കൈക്കൂലി വാങ്ങിയെന്നാണ് അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം. മൂന്ന് കേസുകളാണ് മന്ത്രിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2018 ലാണ് സെന്തിൽ ഡി.എം.കെയിലെത്തിയത്.
കഴിഞ്ഞ ദിവസം മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും ഔദ്യോഗിക വസതിയിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. കൂടാതെ കരൂരിൽ മന്ത്രിയുടെ സഹോദരന്റെയും അനുയായികളുടെയും വസതികളിൽ ഉൾപ്പടെ പരിശോധന നടന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.