ഗാന്ധിനഗർ: അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് നാളെ ഗുജറാത്ത് തീരത്ത് എത്തുമെന്ന മുന്നറിയിപ്പ് തുടരുന്നതിനിടെ സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ ബുജിൽ മതിലിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. രാജ്കോട്ടിൽ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത് യുവതി മരം വീണ് മരിച്ചുവെന്ന് വാർത്തകളും പുറത്തുവരുന്നുണ്ട്. ശക്തമായ കാറ്റും മഴയും ഉള്ളതിനാൽ ഗുജറാത്തിലെ കച്ചിൽ നിന്നും ദ്വാരകയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. തീരമേഖലകളിൽ നിന്നും 12,000 ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ സർക്കാർ തുടരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ഗുജറാത്തിലെ തീരമേഖലകളായ സൗരാഷ്ട്രയിലും കച്ചിയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നുമുതൽ ജൂൺ 15വരെ കടൽതീരങ്ങളും മ്യൂസിയവും ക്ഷേത്രങ്ങളും ഉൾപ്പെടെയുള്ള ഗുജറാത്തിലെ പൊതുസ്ഥലങ്ങൾ അടച്ചു. കടൽതീരങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് തടയാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഗർഭിണികളെ കണ്ടെത്തി ആശുപത്രികളിലേയ്ക്ക് മാറ്റി. ജാംനഗറിൽ ആറ് സുരക്ഷാ ബോട്ടുകൾ ക്രമീകരിച്ചു. ആളുകളെ താമസിപ്പിക്കുന്നതിനായി ജാംനഗറിൽ 15 അഭയകേന്ദ്രങ്ങൾ സർക്കാർ സജ്ജമാക്കി. ദ്വാരക തീരത്തിന് സമീപത്തായി പ്രവർത്തിക്കുകയായിരുന്ന റിഗ്ഗിൽ ജോലി ചെയ്യുകയായിരുന്ന വിദേശികളുൾപ്പെടെ 50 പേരെ ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.