ന്യൂയോര്‍ക്ക്: കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന അമേരിക്കന്‍ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ആര് പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോക്ടര്‍ ബി രവി പിള്ള .
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളികളോ അമേരിക്കന്‍ കമ്പനികളോ കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറായി വന്നാല്‍ 100 കോടി ഡോളര്‍ വരെ സാമ്പത്തിക സഹകരണം നല്‍കാമെന്നാണ് ഡോക്ടര്‍ രവി പിള്ളയുടെ പ്രഖ്യാപനം. ന്യൂയോര്‍ക്കില്‍ നടന്ന ലോക കേരള സഭയുടെ റീജണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആര് പി ഗ്രൂപ്പ് ചെയര്മാന് പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ആയിരുന്നു രവി പിള്ളയുടെ നിര്‍ണായക പ്രഖ്യാപനം. ഇന്ത്യയും അമേരിക്കയും തമ്മില്‍ വളരെ നല്ല ബന്ധമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രവാസി മലയാളികള്‍ ഇന്ത്യയിലും കേരളത്തിലും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കന്‍ കമ്പനികളെ ഇന്ത്യയിലേക്കും കേരളത്തിലേക്കും കൊണ്ടുവരുന്നതിന് വേണ്ടി മലയാളി സമൂഹം മുന്‍കൈയെടുക്കണമെന്നും ഡോക്ടര്‍ രവി പിള്ള കൂട്ടിച്ചേര്‍ത്തു. 1970 കളില്‍ അമേരിക്കയിലെ പ്രവാസി ചൈനക്കാര്‍, ചൈനയില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തുകയും, പല വന്‍ അമേരിക്കന്‍ കമ്പനികളെ കൊണ്ട് ചൈനയില്‍ നിക്ഷേപം നടത്തിക്കുകയും ചെയ്തതും ഡോക്ടര്‍ രവി പിള്ള സദസ്സിനെ ഓര്‍മിപ്പിച്ചു. ഈ നിക്ഷേപങ്ങളാണ് ചൈനയെ ലോക സാമ്പത്തിക ശക്തിയായി ഉയരാന്‍ സഹായിച്ചത്. അത്തരമൊരു പങ്കുവഹിക്കാന്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികള്‍ കൊണ്ട വെയിലിന്റെ തണലാണ് ഇന്ന് കേരളത്തിലെ ഓരോ വികസനത്തിന്റെയും പിന്നിലുള്ളതെന്നും ഡോക്ടര്‍ രവി പിള്ള പറഞ്ഞു.പ്രവാസി ക്ഷേമത്തിനുവേണ്ടി ഏറ്റവുമധികം പദ്ധതികള്‍ നടപ്പിലാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റെതെന്നും അദ്ദേഹം വ്യക്തമാക്കി.