മുംബയ്: ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ നായ്ക്കൾക്ക് നൽകുകയും അവശേഷിച്ച ഭാഗങ്ങൾ ഓടയിലൊഴുക്കുകയും ചെയ്ത മനോജ് സാനെ(56) പൊലീസിനോട് പ്രധാനമായും പറഞ്ഞത് അഞ്ച് കാര്യങ്ങൾ. കൊല്ലപ്പെട്ട സരസ്വതി വൈദ്യ(32) തനിക്ക് മകളെപ്പോലെയാണെന്നാണ് മനോജ് പറയുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.ഞെട്ടിക്കുന്ന കുറ്റകൃത്യം ചെയ്ത മനോജ് 2008 മുതൽ എച്ച്ഐവി പോസിറ്റീവാണെന്ന് വെളിപ്പെടുത്തി. അന്നുമുതൽ താൻ ചികിത്സയിലാണെന്നും ഇയാൾ വ്യക്തമാക്കി. താൻ സരസ്വതിയെ കൊന്നിട്ടില്ലെന്നും വിഷം കഴിച്ച് സരസ്വതി മരിച്ചതാണെന്നുമാണ് മനോജ് സാനെയുടെ വെളിപ്പെടുത്തൽ.
ജൂൺ മൂന്നിന് താൻ വീട്ടിൽ തിരികെയെത്തിയപ്പോൾ സരസ്വതി നിലത്തുവീണ്കിടക്കുന്നത് കണ്ടു. പരിശോധിച്ചപ്പോൾ മരിച്ചതായി മനസ്സിലായി. അറസ്റ്റ് തടയാനാണ് ശരീരം മുറിച്ച് ഉപേക്ഷിച്ചതെന്ന് മനോജ് പറഞ്ഞു. എന്നാൽ ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണെന്നാണ് പൊലീസ് വിലയിരുത്തൽ.’എല്ലും മാംസവും വേർതിരിക്കാൻ രണ്ട് മരംമുറിക്കുന്ന കട്ടറുകൾ ഉപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചു. ശേഷം പ്രഷർ കുക്കറിലിട്ട് തിളപ്പിച്ചു.’ മനോജ് പറഞ്ഞു. താൻ ചതിയ്ക്കുകയാണെന്ന് എപ്പോഴും സരസ്വതി കരുതിയതായും ജോലി കാരണം താമസിച്ച് വന്നാൽപോലും ഇക്കാര്യം പറഞ്ഞ് തർക്കിച്ചിരുന്നതായി മനോജ് വ്യക്തമാക്കി. തന്റെ മകളെപ്പോലെയാണ് സരസ്വതി വൈദ്യയെന്നും പത്താം ക്ളാസ് യോഗ്യത എസ്എസ്സി പരീക്ഷയ്ക്കായി സരസ്വതി തയ്യാറെടുക്കുകയായിരുന്നെന്നും ഇതിന് സഹായത്തിന് താൻ കണക്ക് പഠിപ്പിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.
വീട്ടിൽ മൂന്ന് ബക്കറ്റ് നിറയെ യുവതിയുടെ ശരീരഭാഗങ്ങളുണ്ടായിരുന്നു. തറയിലും ചുമരിലും കുളിമുറിയിലും രക്തം തെറിച്ചിരുന്നു. ഒരു ഇലക്ട്രിക് ഈർച്ചവാൾ, മൂർച്ചയേറിയ കത്തി, മിക്സി, പ്രഷർ കുക്കർ എന്നിവ മുറിയിൽനിന്ന് കണ്ടെത്തി. ഇവിടെനിന്നും വലിയ ദുർഗന്ധം ഉയർന്നിരുന്നു. ദുർഗന്ധം കുറയ്ക്കാൻ എയർ ഫ്രെഷ്നർ ഇയാൾ സ്പ്രേ ചെയ്തിരുന്നു. ദുർഗന്ധത്തിന്റെ വിവരമറിയാൻ മനോജിന്റെ ഒരു അയൽവാസി അന്വേഷിച്ചെത്തിയിരുന്നു. എന്നാൽ കോളിംഗ് ബെൽ അടിച്ചിട്ടും ആദ്യം വാതിൽ തുറന്നില്ല. ഇതിനിടയിൽ മുറിമുഴുവൻ എയർ ഫ്രഷ്നർ സ്പ്രേ ചെയ്യുകയായിരുന്നെന്ന് അയൽവാസി പറയുന്നു. വളരെ ക്ഷീണിതനായ നിലയിലാണ് മനോജ് വാതിൽ തുറന്നതെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്. കൊലയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണം ഇപ്പോഴും മനോജ് പറഞ്ഞിട്ടില്ല.