ന്യൂഡൽഹി: മോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒരുമാസം നീളുന്ന പ്രചാരണം നടത്താൻ പദ്ധതി തയ്യാറാക്കി ബി ജെ പി. എല്ലാ ലോക്സഭാ മണ്ഡലങ്ങളെയും ഉൾപ്പെടുത്തിയുള്ള പ്രചാരണം മേയ് 30ന് ആരംഭിച്ച് ജൂൺ 30നാണ് അവസാനിക്കുന്നത്.
ക്യാമ്പെയിനിന്റെ ആദ്യ ദിവസമായ മേയ് 30ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വമ്പൻ റാലി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ബി ജെ പി വൃത്തങ്ങൾ അറിയിക്കുന്നു. മേയ് 31നും പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയിൽ പങ്കെടുക്കും. മുതിർന്ന ബി ജെ പി നേതാക്കളുടെ നേതൃത്വത്തിൽ 51 റാലികൾ സംഘടിപ്പിക്കുമെന്നും വിവരമുണ്ട്. രാജ്യത്തെ 396 ലോക്സഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ കേന്ദ്രമന്ത്രിയോ പാർട്ടിയുടെ ദേശീയ നേതാക്കളോ പങ്കെടുക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ കൂടുതൽ റാലികൾ സംഘടിപ്പിക്കും.
മോദി സർക്കാരിന്റെ നേട്ടങ്ങളും നയങ്ങളും റാലിയിലൂടെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ബി ജെ പിയുടെ മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾ, എം പിമാർ, എം എൽ എമാർ എന്നിവർക്കും റാലിയിലും പൊതുയോഗങ്ങളിലും ക്ഷണമുണ്ട്. ഓരോ ലോക്സഭാ മണ്ഡലങ്ങളിലെയും 250 കുടുംബങ്ങൾ ഉൾപ്പെടെ ഒരു ലക്ഷം കുടുംബങ്ങളുമായി നേതാക്കൾ സംവദിക്കും. കായികരംഗത്തുള്ളവർ, കലാകാരന്മാർ, ബിസിനസ് രംഗത്തെ പ്രമുഖർ, പട്ടാളക്കാർ എന്നിവരുടെ കുടുംബങ്ങളും സന്ദർശിക്കും.
മേയ് 29ന് രാജ്യത്തുടനീളം വാർത്താസമ്മേളനങ്ങൾ സംഘടിപ്പിക്കും. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലായി മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മുതിർന്ന പാർട്ടി നേതാക്കൾ എന്നിവർ വാർത്താസമ്മേളനങ്ങൾ നടത്തും. പിന്നീടുള്ള രണ്ട് ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ മോദി സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കും.
മൂന്ന് ഘട്ടമായി നടക്കുന്ന പരിപാടികളിൽ ജൂൺ ഒന്ന് മുതൽ 22വരെ മറ്റ് പരിപാടികൾ സംഘടിപ്പിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശമുണ്ട്. ലോക്സഭാ മണ്ഡലങ്ങളിൽ വാർത്താസമ്മേളനങ്ങൾ, പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്ന യോഗങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സുമായി കൂടിക്കാഴ്ച, ‘വികാസ് തീർത്ഥ്’ തുടങ്ങിയ പരിപാടികൾ ഇതിൽ ഉൾപ്പെടും.
ശ്യാമ പ്രസാദ് മുഖർജിയുടെ ചരമവാർഷികമായ ജൂൺ 23ന് പത്ത് ലക്ഷം ബൂത്തുകളിലെ പാർട്ടി പ്രവർത്തകരുമായി മോദി ഓൺലൈനിലൂടെ സംവദിക്കും. ജൂൺ 20 മുതൽ 30 വരെ വീടുവീടാന്തരമുള്ള പ്രചാരണം, ‘മിസ്ഡ് കോൾ ക്യാമ്പെയിൻ’ എന്നിവ നടത്തും.
വമ്പൻ പ്രചാരണ പരിപാടികൾക്ക് തയ്യാറെടുക്കാൻ സംസ്ഥാന പ്രവർത്തക സമിതിയുടെ ഏകദിന യോഗം വിളിക്കാൻ പാർട്ടി സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പാർട്ടിയുടെ പ്രചാരണ സമിതിക്കായിരിക്കും പ്രചാരണ ചുമതല. പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രമന്ത്രിമാർ, മുൻ മന്ത്രിമാർ, ദേശീയ വൈസ് പ്രസിഡന്റുമാർ, ദേശീയ ജനറൽ സെക്രട്ടറിമാർ, അംഗങ്ങൾ, മുതിർന്ന നേതാക്കൾ എന്നിവരടങ്ങുന്ന രണ്ടംഗ ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.