കൊച്ചി: ബി.ജെ.പി. ക്രൈസ്തവര്‍ക്ക് ആശംസകള്‍ കൈമാറിയപ്പോഴേക്കും ഇടത്- വലത് മുന്നണികള്‍ അസ്വസ്ഥരാവുന്നുവെന്നും മുസ്ലീം സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടി ഇടപെട്ട ഒരേ ഒരു പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇരുമുന്നണികളും ഇതുവരെ മുന്നോട്ട് പോയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉറപ്പിലായിരുന്നുവെന്നും എന്നാല്‍, രണ്ട് പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളും ഈ മുന്നണികളെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന ബി.ജെ.പി. സംസ്ഥാന ഭാരവാഹിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്.
മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടി ഇടപെട്ട ഒരേ ഒരു പ്രധാനമന്ത്രി മോദിയാണ്. കോണ്‍ഗ്രസിനും സി.പി.എമ്മിനും മുസ്ലിംങ്ങള്‍ വോട്ട് ബാങ്കാണെങ്കില്‍ ബി.ജെ.പിക്ക് അവര്‍ തുല്യരായ മനുഷ്യരാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചത്. ബി.ജെ.പി. ക്രൈസ്തവര്‍ക്ക് ആശംസകള്‍ കൈമാറിയപ്പോഴേക്കും ഇടത്- വലത് മുന്നണികള്‍ അസ്വസ്ഥരാവുകയാണ്. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി ഭരണരംഗത്ത് പരാജയപ്പെട്ട രണ്ട് മുന്നണികളും ഇതുവരെ മുന്നോട്ടുപോയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉറപ്പിലായിരുന്നു. എന്നാല്‍, രണ്ട് പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളും ഈ മുന്നണികളെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന മന്ത്രി അസ്വസ്ഥനാകുന്നത് ബംഗാളിനെ പോലെ കേരളത്തിലും ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് ഭരിക്കാമെന്ന ധാരണയിലാണ്. ഏതെല്ലാം എതിര്‍പ്പുകളുണ്ടായാലും സ്നേഹയാത്ര മുന്നോട്ടു പോകുകതന്നെ ചെയ്യും. പ്രധാനമന്ത്രി ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയത്തില്‍ പോയപ്പോള്‍ അതിന്റെ പ്രത്യാഘാതമുണ്ടായത് കേരളത്തിലെ ഇടത്- വലത് മുന്നണികളിലാണ്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം വലിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.