മനാമ: വൻ ജനപങ്കാളിത്തത്തിൽ ബഹ്റൈൻ വാർഷിക പൈതൃകോത്സവത്തിന്റെ 29-ാമത് പതിപ്പിന് സമാപനം. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് ആണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഏപ്രിൽ 5 മുതൽ 8 വരെ ദിയാർ അൽ മുഹറഖിലെ സൂഖ് അൽ ബറാഹയിൽ നടന്നു. റമദാൻ പാരമ്പര്യങ്ങൾ എന്ന പ്രമേയത്തിൽ ബഹ്റൈനിന്റെ സാംസ്കാരിക പൈതൃകത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി പരിപാടികൾ അവതരിപ്പിച്ചു.
പ്രശസ്ത നാടോടി ബാൻഡുകളുടെ സംഗീത പ്രകടനങ്ങൾ, ഫെയ്സ് പെയിന്റിംഗ്, പരമ്പരാഗത ഗെയിമുകൾ, ഹസാവി (നാടോടി കഥകൾ), പരമ്പരാഗത ബഹ്റൈൻ ഉൽപ്പന്നങ്ങളുടെ വിപണി കൂടാതെ നിരവധി റമദാൻ ഭക്ഷണങ്ങളുടെ രുചി അനുഭവങ്ങൾ എന്നിവ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ഗെർഗാവ്, കുടുംബ സമ്മേളനങ്ങൾ, എൽ മിസഹാരതി (റമദാൻ ഡ്രമ്മർ), നാടോടി കളികൾ, ഇഫ്താർ പീരങ്കി, റമദാൻ സുഫ്ര (ഭക്ഷണം വിളമ്പുന്നതിനുള്ള മേശ അല്ലെങ്കിൽ തുണി), ജനപ്രിയ ഭക്ഷണം എന്നിവ പോലുള്ള ബഹ്റൈനിലെ റമദാൻ ആചാരങ്ങളിലേക്ക് ഈ ഉത്സവം വെളിച്ചം വീശുന്നു.
റമദാൻ ആചാരങ്ങളുടെ ആധികാരികതയും രാജ്യത്തിന്റെ സ്വത്വം, സംസ്കാരം, പൈതൃകം എന്നിവയുമായുള്ള ബന്ധവും ഊന്നിപ്പറയുകയാണ് വാർഷിക ഉത്സവം ലക്ഷ്യമിടുന്നത്. ദേശീയ പൈതൃകത്തിന്റെ മൂല്യം ഉയർത്തിക്കാട്ടുന്നതിനും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് ഭാവി തലമുറകൾക്കായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിന് ബഹ്റൈൻ പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ദേശീയ പ്ലാറ്റ്ഫോമാണ് ബഹ്റൈൻ പൈതൃകോത്സവം.