അബുദാബി: പൊതു, ചരിത്ര, ദേശീയ, സ്വകാര്യ രേഖകൾ മനഃപൂർവ്വം നശിപ്പിക്കുകയോ രഹസ്യ രേഖകൾ ചോർത്തുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ കർശനമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. അനുമതിയില്ലാതെ രഹസ്യ രേഖ രാജ്യത്തിന് പുറത്തേക്ക് കടത്തുക, ഉള്ളടക്കം പകർത്തുക, വെളിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരു വർഷം തടവും 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.
രേഖകൾ മോഷ്ടിക്കുകയും ശിക്ഷ നടപ്പാക്കുന്നത് തടയുകയും ചെയ്യുന്നവർക്കും സമാനമായ ശിക്ഷ ലഭിക്കും. പൊതുരേഖകൾ നശിപ്പിക്കുന്നവർക്ക് 8 മാസം വരെ തടവും 40,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച്, ശിക്ഷ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയിരിക്കും.