തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച കേരളത്തിലെത്തും. വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 11.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഖാർഗെയുടെ കൂടെ കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും ഉണ്ടാകും. പാർട്ടി പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് മല്ലികാർജുൻ ഖാർഗെ കേരളത്തിലെത്തുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണവും ഒരുക്കിയിട്ടുണ്ട്.