പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ അഭിപ്രായം പറയുന്നില്ലെന്ന് നിതീഷ് വ്യക്തമാക്കി. കഴിഞ്ഞ 17 വർഷമായി ബീഹാർ സർക്കാരിനെ നയിക്കുന്നതിനിടയിൽ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. കോടതി ഉത്തരവുകളെക്കുറിച്ച് താനൊരിക്കലും പ്രതികരിച്ചിട്ടില്ല. ഇനി ഉണ്ടാകില്ലെന്നും നിതീഷ് പറഞ്ഞു.
അതേസമയം, രാഹുലിനെ പാർലമെന്റിലും ബിഹാർ നിയമസഭയിലും അയോഗ്യനാക്കിയതിനെ എതിർത്ത ജനതാദൾ (യു) അംഗങ്ങളെ നിതീഷ് ന്യായീകരിച്ചു. സഭയിൽ സഖ്യകക്ഷികൾക്ക് അനുകൂലമായി സംസാരിക്കുന്നത് സ്വാഭാവികമാണെന്നും നിതീഷ് പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ മഹാസഖ്യം ബീഹാർ നിയമസഭാ വളപ്പിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലും ജെഡിയു അംഗങ്ങൾ പങ്കെടുത്തിരുന്നു.