അമൃത്സർ: ഖാലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് കീഴടങ്ങിയേക്കുമെന്ന് സൂചന. അമൃത്പാലും സഹായി പാപൽപ്രീതും പഞ്ചാബിലെ ഹോഷിയാർപൂരിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ ജയിലിൽ പാർപ്പിക്കണം, അറസ്റ്റ് അല്ല, കീഴടങ്ങൽ എന്ന് രേഖപ്പെടുത്തണം, ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയത് ഒഴിവാക്കണം എന്നിവയാണ് അമൃത്പാലിന്റെ ഉപാധികളെന്നാണ് സൂചന.
അമൃത്പാൽ കീഴടങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് സമീപം പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അമൃത്പാലിനും പാപൽപ്രീതിനും ഡൽഹിയിലെ ലക്ഷ്മി നഗറിൽ താമസസൗകര്യം ഒരുക്കിയ ഡൽഹി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയെ പഞ്ചാബ് പോലീസ് ചോദ്യം ചെയ്യുകയാണ്. നേപ്പാളിലേക്ക് കടക്കുന്നതിന് മുമ്പ് അമൃത്പാൽ ലക്ഷ്മി നഗറിലെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.
മാസ്ക് ധരിച്ച് അമൃത്പാൽ ഡൽഹിയിലെ തെരുവുകളിലൂടെ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടായിരുന്നു. മാർച്ച് 21 ലെ ഈ ദൃശ്യത്തിൽ അമൃത്പാലിന് തലപ്പാവ് ഇല്ലായിരുന്നു. സൺഗ്ലാസ് ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിനും കൂട്ടാളികൾക്കുമെതിരെ പഞ്ചാബ് സർക്കാർ അറസ്റ്റ് നടപടികൾ ആരംഭിച്ചതിന്റെ മൂന്നാം ദിവസമാണ് സംഭവം നടന്നത്.