ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിൽ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ബാധ്യത നിറവേറ്റാനാവില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. ജനവികാരത്തിന് വിരുദ്ധമായി ഒരു തീരുമാനം എടുക്കുമ്പോൾ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. നിയമവാഴ്ച തകരാൻ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം ശക്തിപ്പെടുത്തും.
സർക്കാർ ജനങ്ങൾക്ക് എതിരല്ല, ജനങ്ങളോടൊപ്പമാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. അക്രമാസക്തമായ പ്രതിഷേധം നല്ലതല്ല. നിരാശയില്ലാതെ സർക്കാർ ജനങ്ങളെ സംരക്ഷിക്കും. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വിദഗ്ധ സമിതിക്ക് പഠിക്കാൻ സുഗമമായ അന്തരീക്ഷം ഒരുക്കും.
കോടതിയുടെ നിർദ്ദേശം ധിക്കരിക്കില്ല. കുങ്കിയാനകളെ തിരിച്ചയക്കില്ല. പകരം ദൗത്യം തുടരും. അരിക്കൊമ്പന് കോളർ ഐഡി പിടിപ്പിക്കുന്നത് പ്രായോഗികമല്ല. പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാരമാണ് ആവശ്യം. ജനങ്ങളുടെ പക്ഷത്തെക്കുറിച്ച് കോടതി അധികം ചിന്തിച്ചില്ല. അപൂർവമായി മാത്രമേ നാടിറങ്ങുന്ന ആനയെ പിടികൂടാറുള്ളൂ. കോടതി ദയ കാണിക്കണമായിരുന്നു. ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ പ്രതിഷേധവും വേദനയും പ്രകടിപ്പിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.