കോഴിക്കോട്: പൂതന പരാമർശം സ്ത്രീവിരുദ്ധമല്ലെന്നും, രാഷ്ട്രീയ പ്രസ്താവനയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീശാക്തീകരണത്തിന്റെ പേരിൽ അധികാരത്തിൽ വന്നശേഷം അഴിമതി നടത്തുന്ന സി.പി.എമ്മിന്റെ വനിതാ നേതാക്കൾക്കെതിരായ പൊതുപ്രസ്താവന മാത്രമാണത്. അത് ഒരു വ്യക്തിയെയും ഉദ്ദേശിച്ചുള്ളതല്ല. സി.പി.എമ്മുമായി അടുക്കാനുള്ള വി.ഡി സതീശന്റെ ഒരു വഴി മാത്രമാണിതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റിയാസിന്റെ വിവാഹം വിവാഹമല്ലെന്നും വ്യഭിചാരമാണെന്നും മുസ്ലീം ലീഗ് നേതാവ് പറഞ്ഞപ്പോൾ ഒരു സി.പി.എം നേതാവും കേസെടുത്തില്ല. രമ്യ ഹരിദാസ്-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയെക്കുറിച്ച് എ വിജയരാഘവൻ അശ്ലീലമായി സംസാരിച്ചപ്പോൾ വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാരും എതിർപ്പുമായി വന്നില്ല. ജി സുധാകരൻ ഷാനിമോൾ ഉസ്മാനെ പൂതന എന്ന് വിളിച്ചപ്പോൾ ഒരു കേസും എടുത്തില്ല. എംഎം മണിയുടെയും വിഎസിന്റെയും പ്രസ്താവനകൾക്കെതിരെയും കേസെടുത്തില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ദേശീയപാതാ നിർമാണത്തിന് സംസ്ഥാന സർക്കാർ എത്ര രൂപ നൽകുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണം. കേന്ദ്രസർക്കാർ നിർമ്മിക്കുന്ന റോഡിന്റെ ചിത്രം ഫ്ലക്സടിച്ച് സ്വന്തം പടം ഇടുകയും ചെയ്യുന്നയാളാണ് റിയാസ്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം വഹിക്കുമെന്ന് ആദ്യം സംസ്ഥാനം പറഞ്ഞെങ്കിലും പിന്നീട് പിന്മാറി. ഒരു വാക്ക് പറഞ്ഞ് അതിൽ നിന്നു പിൻവാങ്ങുന്നത് മാന്യതയല്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം പാർലമെന്റിൽ പറഞ്ഞപ്പോൾ മുഖ്യമന്ത്രിയോ റിയാസോ പ്രതികരിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ എന്നിരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.