ബെംഗളൂരു: മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം ഒ.ബി.സി സംവരണം എടുത്തുകളയാൻ കർണാടക സർക്കാർ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന. സംവരണം ഏർപ്പെടുത്തിയതിന് കോൺഗ്രസിനെയും ഷാ വിമർശിച്ചു.
ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സംവരണം ഭരണഘടന പ്രകാരമല്ല നടപ്പാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത്. ആ സംവരണം ബി.ജെ.പി ഇല്ലാതാക്കി. വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കും സംവരണം നൽകിയിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
ഗരോട്ട ഷഹീദ് സ്മാരകവും സർദാർ വല്ലഭായ് പട്ടേലിന്റെ 20 അടി ഉയരമുള്ള പ്രതിമയും ഉദ്ഘാടനം ചെയ്ത അമിത് ഷാ 103 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തു. ഹൈദരാബാദിന്റെ മുക്തിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ ഓർമ്മകൾ പോലും കോൺഗ്രസ് പുനരുജ്ജീവിപ്പിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.