ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്ന് പ്രിയങ്ക മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ അന്ത്യ യാത്ര അനുസ്മരിച്ച പ്രിയങ്ക ഗാന്ധി, രക്തസാക്ഷിയുടെ മകനെ അവർ രാജ്യദ്രോഹി എന്ന് വിളിക്കുന്നുവെന്നും പറഞ്ഞു. രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിന്റെ പിതാവിനെ പാർലമെന്റിൽ നിരവധി തവണ അപമാനിച്ചു. ഇവരാരും മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല. തനിക്കെതിരെയും കേസെടുക്കാൻ പ്രിയങ്ക വെല്ലുവിളിച്ചു. ആരാണ് അദാനി, അദാനിയുടെ പേര് പറയുമ്പോൾ എന്തിനാണ് ഇത്രയധികം വെപ്രാളമെന്നും പ്രിയങ്ക ചോദിച്ചു. കൊള്ളയടിച്ചത് രാഹുൽ ഗാന്ധിയുടെ സ്വത്തല്ല രാജ്യത്തിന്റെ സമ്പത്താണെന്നും പ്രിയങ്ക പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പോരാട്ടം ജനങ്ങൾക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് വേണ്ടി പാർട്ടി ഒറ്റക്കെട്ടായാണ് പോരാടുന്നത്. കർണാടകയിലെ പ്രസംഗത്തിന്റെ പേരിൽ സൂറത്തിലാണ് കേസ് എടുത്തത്. ധൈര്യമുണ്ടെങ്കിൽ കർണാടകയിൽ കേസ് കൊടുക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.