റാഞ്ചി: ജാർഖണ്ഡിൽ പറന്നുയർന്ന ഗ്ലൈഡർ വീടിന്റെ തൂണിൽ ഇടിച്ച് തകർന്നുവീണു. ധൻബാദിലെ ബിർസ മുണ്ട പാർക്കിന് സമീപമുണ്ടായ അപകടത്തിൽ പൈലറ്റിനും 14 കാരനായ യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകീട്ട് 4.50 ഓടെയായിരുന്നു സംഭവം. പട്ന സ്വദേശിയായ കുഷ് സിങ് എന്ന പതിനാലുകാരൻ ധൻബാദിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ഒരു സ്വകാര്യ ഏജൻസി നടത്തുന്ന ഗ്ലൈഡർ സവാരിക്ക് കുഷ് സിങ്ങിനെ കൊണ്ടുവന്നത് അവിടത്തെ ഒരു ബന്ധുവാണ്. ഗ്ലൈഡറിൽ പൈലറ്റിനെ കൂടാതെ ഒരാൾക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയൂ. ബർവാദ എയർസ്ട്രിപ്പിൽ നിന്ന് പറന്നുയർന്ന ഗ്ലൈഡർ പെട്ടെന്ന് നിയന്ത്രണം വിട്ട് 500 മീറ്റർ അകലെയുള്ള വീടിന്റെ തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കോക്പിറ്റിന് പൂർണ്ണമായും തകർന്നു.
നിലേഷ് കുമാർ എന്നയാളുടെ വീട്ടിലേക്കാണ് ഗ്ലൈഡർ ഇടിച്ചുകയറിയത്. അപകടത്തിൽ കുടുംബത്തിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും രണ്ട് മക്കളും വീടിനുള്ളിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്നും നിലേഷ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.