മനാമ: വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്റോയുടെ നേതൃത്വത്തിൽ ബഹ്റൈൻ മന്ത്രാലയത്തിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദർശനം വിജയകരമായിരുന്നതായി ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ക്രൗൺ പ്ലാസയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 14 മുതൽ 18 വരെ നടന്ന സന്ദർശനത്തിൽ 60-ലധികം പ്രതിനിധികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ബഹ്റൈനിൽ നിന്നുള്ള മന്ത്രിതല സംഘത്തെ അനുഗമിച്ച ബഹ്റൈൻ ഇന്ത്യ സൊസൈറ്റി (ബിഐഎസ്) പ്രതിനിധി സംഘത്തെ ബിഐഎസ് ചെയർമാൻ അബ്ദുൾ റഹ്മാൻ ജുമ നയിച്ചു. പി എസ് ബാലസുബ്രഹ്മണ്യം, വിജയ് ബോലൂർ, കിഷോർ കേവൽറാം, വി കെ തോമസ്, മുഹമ്മദ് മൻസൂർ എന്നിവരാണ് മറ്റ് ബിഐഎസ് പ്രതിനിധികൾ.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) ബിഐഎസും തമ്മിലുള്ള ധാരണാപത്രം (എംഒയു) ഒപ്പുവെച്ചതാണ് സിഐഐ പങ്കാളിത്ത ഉച്ചകോടി 2023 ന്റെ ഹൈലൈറ്റ്. ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ സജീവമായ പിന്തുണയും പങ്കാളിത്തവും കൊണ്ട് മാത്രമാണ് ധാരണാപത്രം സാധ്യമായത്.
ഒപ്പിടൽ ചടങ്ങിൽ സിഐഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി, താൻ ഇന്ത്യയിൽ നിന്നുള്ള പത്ത് വ്യവസായികളുടെ ഒരു ടീമിന് രൂപം നൽകുമെന്നും ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള അടുത്ത വ്യാവസായിക, വ്യാപാര സഹകരണത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രസ്താവിച്ചു. അടുത്ത ഏകോപനത്തിനായി ബിഐഎസ് പത്ത് വ്യാവസായിക / വ്യാപാര സ്ഥാപനങ്ങളുടെ സമാനമായ ഒരു ലിസ്റ്റ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഹ്റൈനിൽ സിഐഐയുടെ ഉച്ചകോടി സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തിന് സിഐഐയുടെ എല്ലാ സഹായവും പൂർണ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. സമീപഭാവിയിൽ ഒരു സിഐഐ ബിസിനസ് പ്രതിനിധി സംഘം ബഹ്റൈൻ സന്ദർശിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സജീവമായി പ്രവർത്തിക്കാൻ ബിഐഎസ് പദ്ധതിയിടുന്നു.