തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മൊബൈൽ ലാബുകൾ പ്രവർത്തന സജ്ജമായി. റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തും. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും തിരുവനന്തപുരത്തെ പ്രവർത്തനം നേരിട്ട് അറിയുന്നതിനായെത്തി. തിരുവനന്തപുരത്ത് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രദേശത്തെ ടാറിങ് ജോലികളുടെ അവസാന ഘട്ടത്തിലാണ് മൊബൈൽ ലാബ് ഉപയോഗിച്ച് പരിശോധന നടത്തിയത്.
ടാറിങ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ആദ്യമെത്തിയത് മന്ത്രിയാണ്. പിന്നീട് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൊബൈൽ ടെസ്റ്റിംഗ് ലാബും ഉദ്യോഗസ്ഥരും എത്തി. സാമ്പിൾ എടുത്ത് ബസിനുള്ളിലെ ലാബിൽ തന്നെ പരിശോധിച്ചാൽ ഒന്നര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. പാപ്പനംകോട് നിന്നാണ് ടാറിന്റെ ഗുണനിലവാരം പരിശോധിച്ചത്. പരാതി ഉയർന്നാൽ നിർമ്മാണ ഘട്ടത്തിൽ തന്നെ ഗുണനിലവാരം ഉറപ്പാക്കുന്നു എന്നതാണ് മൊബൈൽ ലാബിന്റെ നേട്ടം.
റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ ഭാഗങ്ങൾ മുറിച്ചെടുക്കാനും അളവ്, തൂക്കം, ചേരുവകൾ എന്നിവ പരിശോധിക്കാനും സംവിധാനമുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് ബസുകളിലായി അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ച ലാബ് സ്ഥാപിക്കും. ബിറ്റുമിൻ, സിമന്റ്, മണൽ, മെറ്റൽ തുടങ്ങിയ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാനും ലാബിന് കഴിയും.