ബെംഗളൂരു: കൊമ്പൻ ട്രാവൽസിന്റെ ടൂറിസ്റ്റ് ബസുകൾ മഡിവാളയ്ക്ക് സമീപം നാട്ടുകാർ തടഞ്ഞു. ബംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളുമായി പോയ ബസാണ് തടഞ്ഞത്.
എൽ.ഇ.ഡി ലൈറ്റുകളും ഗ്രാഫിക്സും വലിയരീതിയിലുള്ള ബസ് മറ്റ് വാഹനങ്ങൾക്ക് അപകടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ തടഞ്ഞത്. നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ബസിന് മുന്നിലെ ഫ്ലൂറസെൻസ് ഗ്രാഫിക്സ് മറച്ചുവച്ചാണ് യാത്ര തുടരാൻ അനുവദിച്ചത്.
ഏകീകൃത കളർ കോഡിൽ നിന്ന് രക്ഷപ്പെടാനാണ് കൊമ്പൻ ബസിന്റെ രജിസ്ട്രേഷൻ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മാറ്റിയത്. മുപ്പതോളം ബസുകളുടെ രജിസ്ട്രേഷൻ ബന്ധുവിന്റെ പേരിൽ മാറ്റിയതായി പത്തനംതിട്ടയിലെ ഉടമ അറിയിച്ചു. വടക്കാഞ്ചേരി അപകടത്തിന് ശേഷം കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കൊമ്പൻ ബസിന്റെ ഉടമ രംഗത്തെത്തിയിരുന്നു.