വാഷിംഗ്ടൺ: സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ വൈറ്റ് ഹൗസ് അപലപിച്ചു. സംഭവത്തെക്കുറിച്ച് യുഎസ് നയതന്ത്ര സുരക്ഷാ വകുപ്പ് അന്വേഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കെർബി പറഞ്ഞു. അമൃത്പാൽ സിങ്ങിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ പ്രവർത്തകർ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ചത്.
ബ്രിട്ടനും യുഎസിനും പിന്നാലെ ഖലിസ്ഥാൻ അനുകൂലികൾ കാനഡയിലും ഇന്ത്യയ്ക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പങ്കെടുക്കേണ്ടിയിരുന്ന സ്ഥലത്തും ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ പ്രകോപനം ഉണ്ടാക്കി. ഇന്ത്യൻ കോൺസുലേറ്റിൽ ഖലിസ്ഥാൻവാദികൾ നടത്തിയ അക്രമത്തിൽ ഇന്ത്യയിലെ യുഎസ് പ്രതിനിധികളോട് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നയതന്ത്ര മേഖലയുടെ സുരക്ഷ യുഎസ് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെ പ്രതിഷേധം അറിയിച്ചു. ഖലിസ്ഥാൻ അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ ഇന്ത്യയിൽ സസ്പെൻഡ് ചെയ്തു. ചില കനേഡിയൻ സർക്കാർ ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളും നിരോധിച്ചിട്ടുണ്ട്.