തിരുവനന്തപുരം: അടുത്ത തവണ ഷാഫി പറമ്പിൽ എം.എൽ.എ തോൽക്കുമെന്ന സ്പീക്കറുടെ പരാമർശം പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നെന്നും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്നുമാണ് സ്പീക്കറുടെ റൂളിംഗ്. ഈ മാസം 14, 15 തീയതികളിൽ സഭയിൽ നടന്ന സംഭവങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് ഭിന്നാഭിപ്രായമുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു.
അടിയന്തര പ്രമേയ നോട്ടീസ് തള്ളുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. സർക്കാരിൻ്റെ നിർദേശപ്രകാരമല്ല സ്പീക്കർ നോട്ടീസിൽ തീരുമാനമെടുക്കുന്നത്. ചെയറിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ് ഇതെന്നും സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. മുൻഗാമികളുടെ മാതൃക പിന്തുടർന്ന് ചട്ടങ്ങൾക്കനുസൃതമായാണ് തീരുമാനങ്ങൾ എടുത്തത്. പ്രതിപക്ഷം സമാന്തര സഭ വിളിച്ചുകൂട്ടിയത് ആശ്ചര്യപ്പെടുത്തി. മുതിർന്ന അംഗങ്ങൾ തന്നെ തുടക്കമിട്ട സമാന്തര സഭാ സമ്മേളനം വീണ്ടും ആവർത്തിച്ചാൽ നടപടിയുണ്ടാകും. അംഗങ്ങൾ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തരുത്. സഭാ ടിവിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും. ഇരുപക്ഷവും അനഭിലഷണീയമായ നടപടി തുടരുന്നത് ശരിയല്ല. മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്ത് പുറപ്പെടുവിക്കുമെന്നും സ്പീക്കർ പറഞ്ഞു.