
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രസ്താവിക്കാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ. കേസിന്റെ വാദം പൂർത്തിയായിട്ട് ഇന്നലെ ഒരു വർഷമായിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.
രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസാണിത്. കേസിന്റെ പേരിൽ ലോകായുക്തയുടെ ചിറകുകൾ ഇളക്കാൻ പോലും സർക്കാർ നിയമം കൊണ്ടുവന്നു. വൻ രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിലാണ് കേസിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 പേർക്കുമെതിരെയാണ് കേസ്. വാദം പൂർത്തിയായ കേസുകളിൽ ആറ് മാസത്തിനകം വിധി പറയണമെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് അനുസൃതമായാണ് ലോകായുക്തയ്ക്കെതിരെ പരാതിക്കാരനായ ആർ.എസ് ശശികുമാറിന്റെ നീക്കം. ലോകായുക്ത രജിസ്ട്രാർക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവരാണ് വിധി പ്രസ്താവിക്കേണ്ടത്. വാദത്തിനിടെ സർക്കാരിനെതിരെ ലോകായുക്തയിൽ നിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സർക്കാർ പണം ഇഷ്ടാനുസരണം ചെലവഴിക്കാൻ കഴിയുമോ എന്ന ചോദ്യം പോലും ഉയർന്നിരുന്നു. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻ്റെ മക്കളുടെ വിദ്യാഭ്യാസ ചെലവിന് 25 ലക്ഷം രൂപയും, അന്തരിച്ച എംഎൽഎ കെകെ രാമചന്ദ്രൻ്റെ മകന് ജോലിക്ക് പുറമെ പണയം വച്ച സ്വർണ്ണം തിരിച്ചെടുക്കുന്നതിനും കാർ വായ്പ്പയ്ക്കുമായി എട്ടര ലക്ഷവും, കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യക്ക് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചതിലായിരുന്നു പരാതി.

