തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയം സഹായ ശൃംഖലകളിലൊന്നായി കുടുംബശ്രീ മാറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കുടുംബശ്രീയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. 1998 ൽ പ്രധാനമന്ത്രിയായിരിക്കെ കുടുംബശ്രീ ആരംഭിച്ച അടൽ ബിഹാരി വാജ്പേയിയുടെ കാഴ്ചപ്പാടും സംവേദനക്ഷമതയും കൃതജ്ഞതയോടെ ഓർക്കാനുള്ള അവസരമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വികസനത്തിനായി ആരംഭിച്ച ഉന്നതി എന്ന പരിപാടിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടയാണെന്നും ഈ സംരംഭത്തിന് എല്ലാ വിജയവും നേരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനാ നിർമാണസഭയിൽ 15 വനിതാ അംഗങ്ങളുണ്ടായിരുന്നെന്നും അതിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നെന്നും രാഷ്ട്രപതി പറഞ്ഞു. അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്ക്രീൻ എന്നിവർ അവരുടെ കാലത്തിനും വളരെ മുമ്പേ യാത്ര ചെയ്തവരായിരുന്നു. ഭരണഘടനാ നിർമാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിതയായിരുന്നു ദാക്ഷായണി വേലായുധൻ. ഹൈക്കോടതി ജഡ്ജിയാകുന്ന ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജിയാണ് അന്ന ചാണ്ടി. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ഫാത്തിമ ബീവി നിയമപരമായ ചരിത്രം സൃഷ്ടിച്ചു. 96-ാം വയസിൽ അക്ഷരലക്ഷം പദ്ധതിയിൽ ഒന്നാം റാങ്ക് നേടി കാർത്ത്യായനിയമ്മ ദേശീയ പ്രതീകമായി. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നഞ്ചിയമ്മയ്ക്ക് സമ്മാനിക്കാൻ കഴിഞ്ഞുവെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച ലിംഗാനുപാതമുള്ള സംസ്ഥാനമാണ് കേരളം. സ്ത്രീ സാക്ഷരതയിൽ ഉൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനം കൂടിയാണ് കേരളം. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണ നിരക്ക് തടയുന്നതിലും കേരളം രാജ്യത്തെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണെന്നും രാഷ്ട്രപതി പറഞ്ഞു.