സിയോള്‍: ഉത്തര കൊറിയയുടെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം വീക്ഷിച്ച് കിം ജോങ് ഉന്നും മകളും. ഉത്തരകൊറിയ ഈ വർഷത്തെ രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വ്യാഴാഴ്ച പ്യോങ്യാങ്ങിൽ നടത്തിയിരുന്നു. ഔദ്യോഗിക മാധ്യമങ്ങളാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായാണ് രാജ്യത്തെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതെന്ന് വിദഗ്ധർ പറയുന്നു.
മോൺസ്റ്റർ മിസൈൽ എന്നറിയപ്പെടുന്ന ഹ്വാസോങ് -17 ആണ് വ്യാഴാഴ്ച വിക്ഷേപിച്ചത്. വിക്ഷേപണ സമയത്ത് കിമ്മിന്റെ രണ്ടാമത്തെ മകൾ ജു ഏ ആണ് കിമ്മിനൊപ്പം ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിച്ച ക്യാമറയിലൂടെ പകർത്തിയ ഭൂമിയുടെ ചിത്രങ്ങളും ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു.