പൂനെ: പൂനെയിലെ ഫ്ളാറ്റിൽ 44 കാരനായ ടെക്കിയെയും ഭാര്യയെയും എട്ട് വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി. സോഫ്റ്റ്വെയർ പ്രൊഫഷണലായ ഭർത്താവ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുദീപ്തോ ഗാംഗുലി, ഭാര്യ പ്രിയങ്ക, മകൻ തനിഷ്ക എന്നിവരാണ് മരിച്ചത്.
ബന്ധുക്കളുടെ ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് ബംഗളൂരുവിലുള്ള സുദീപ്തോയുടെ സഹോദരൻ, സുഹൃത്തിനോട് വീട്ടിൽ പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫ്ലാറ്റ് പൂട്ടിയിരിക്കുന്നത് കണ്ടതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ദമ്പതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഫ്ലാറ്റിനുള്ളിൽ തന്നെ കാണിച്ചപ്പോൾ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പോലീസ് വാതിൽ തുറന്ന് ഫ്ലാറ്റിലേക്ക് പ്രവേശിച്ചു. സുദീപ്തോയെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും മകനെയും പോളിത്തീൻ ബാഗുകൾ കൊണ്ട് മുഖം മൂടിക്കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. എന്നാൽ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല.