ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ്സിയോട് വിടചൊല്ലി അസിസ്റ്റന്റ് കോച്ച് സബീർ പാഷ. മുൻ ഇന്ത്യൻ താരം കൂടിയായ പാഷ 2016 ഫെബ്രുവരിയിലാണ് ചെന്നൈയിൻ എഫ്സിയുടെ അസിസ്റ്റന്റ് കോച്ചായി ചേർന്നത്. ചെന്നൈയിൻ ഐഎസ്എൽ യാത്രയിൽ പാഷ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2017-18 സീസണിൽ ചെന്നൈയിൻ ഐഎസ്എൽ കിരീടം ഉയർത്തുകയും 2019-20 സീസണിൽ ഫൈനലിൽ എത്തുകയും ചെയ്തപ്പോൾ പാഷ ടീമിന്റെ ഭാഗമായിരുന്നു. ബോസിഡർ ബാൻഡോവിച്ചിനെ പുറത്താക്കിയതിനെത്തുടർന്ന് 2021-22 സീസണിലെ അവസാന 4 ലീഗ് മത്സരങ്ങളുടെ ഇടക്കാല പരിശീലകനായിരുന്നു പാഷ.
കഴിഞ്ഞ ഐഎസ്എല്ലിൽ ചെന്നൈയിൻ പ്ലേ ഓഫിൽ നിന്ന് പുറത്തായിരുന്നു. എന്നിരുന്നാലും, കോച്ച് തോമസ് ബർദാറിച്ചിനെ നിലനിർത്തുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് പാഷ ക്ലബ് വിട്ടത്. പാഷയുടെ പകരക്കാരനെ ക്ലബ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.