കോട്ടയം: ബ്രഹ്മപുരം മാലിന്യ സംസ്കരണ കരാർ വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ. മരുമകന്റെ കമ്പനിയിലോ കരാറിലോ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കണം. കുടുംബാംഗങ്ങൾക്കായി താൻ ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ല. മുൻ മേയർ വെല്ലുവിളിക്കുകയാണ്. നിയമനടപടി ആലോചിക്കുമെന്നും വിശ്വൻ പറഞ്ഞു. ബ്രഹ്മപുരത്തെ ബയോ മൈനിങ് കരാർ വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക് നൽകിയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതികരണം.
മുഖ്യമന്ത്രിയും താനും വളരെ സൗഹൃദത്തിലാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിദ്യാർത്ഥി കാലം മുതൽ ധാരാളം ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. പാർട്ടിയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അപ്പോൾ ചങ്ങാത്തം കൂടാതിരിക്കാൻ ഒരു കാരണവുമില്ല. സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി എന്തെങ്കിലും ചെയ്യുമോ എന്നറിയില്ല. കുടുംബത്തെക്കുറിച്ചോ തന്റെ ആവശ്യങ്ങളെക്കുറിച്ചോ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും പാർട്ടിക്ക് തുറന്ന നിലപാടാണുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ മന്ത്രിയായിരുന്നപ്പോൾ കരാർ കമ്പനിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും അത് പരിശോധിച്ച് അവലോകനം ചെയ്തെന്നും മാറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.