കണ്ണൂർ: കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഒരു മാസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഫോറൻസിക് റിപ്പോർട്ട് തളിപ്പറമ്പ് സബ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗർഭിണിയായ ഭാര്യയേയും കൊണ്ട് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ, പ്രജിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത വിധം തീപിടിത്തമുണ്ടായതിന്റെ കാരണം എന്താണെന്ന് വ്യാപകമായി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തി. എന്നാൽ തീപിടിത്തത്തിന്റെ തീവ്രത കൂടാനുള്ള കാരണം പരിശോധിച്ചു. ഇതിൽ വാഹനത്തിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമുണ്ടെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കാറിനുള്ളിൽ വെള്ളം മാത്രമാണുണ്ടായിരുന്നതെന്നും പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്നും റീഷയുടെ പിതാവ് പറഞ്ഞു.
അപകടം നടന്ന് രണ്ടാം ദിവസം നടത്തിയ പരിശോധനയിലാണ് കാറിൽ പെട്രോൾ സാന്നിദ്ധ്യം ഫോറൻസിക് സംഘം കണ്ടെത്തിയത്. അങ്ങനെയെങ്കിൽ അത് ആരോ കൊണ്ടുവെച്ചതാണെന്ന് കുടുംബം സംശയിക്കുന്നു. ഇക്കാര്യം കുടുംബം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.