കൊല്ലം: കൊല്ലം രണ്ടാംകുറ്റിയില്‍ നാല് ഇരുചക്ര വാഹനങ്ങളും ഒരു കാറും ഒരു ഓട്ടോറിക്ഷയും കത്തിനശിച്ചു. കോയിക്കൽ ജംഗ്ഷന് സമീപമാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ബൈക്കിന് ആദ്യം തീപിടിക്കുകയായിരുന്നു. യാത്രക്കാരൻ ബൈക്ക് നിർത്തി തീ അണയ്ക്കാൻ ശ്രമിക്കവേ തീ പടരുകയായിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളിലേക്കും തീ പടർന്നു. തുടർന്ന് സമീപത്തെ ഓട്ടോറിക്ഷയ്ക്കും കാറിനും തീപിടിക്കുകയായിരുന്നു.
ബുള്ളറ്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നതിനടുത്തുള്ള പള്ളിയിലെത്തിയ വിശ്വാസികളുടെ വാഹനങ്ങളാണ് കത്തി നശിച്ചത്. നാല് അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.