അബുദാബി: യു.എ.ഇയുടെ ദീർഘകാല ബഹിരാകാശ പദ്ധതിക്കായി സുൽത്താൻ അൽ നെയാദി സ്പേസ് എക്സ് ക്രൂ -6 ൽ ബഹിരാകാശത്തേക്ക് പുറപ്പെട്ടു. യു.എ.ഇ സമയം രാവിലെ 9.34 നാണ് വിക്ഷേപണം നടന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഡ്രാഗൺ ബഹിരാകാശ പേടകം വിക്ഷേപിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.45ന് വിക്ഷേപിക്കേണ്ട പദ്ധതി സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു. ബഹിരാകാശ പേടകം മുകളിലേക്ക് ഉയർത്താൻ ആവശ്യമായ ജ്വലനത്തിന് സഹായിക്കുന്ന ടി-ടെബ് ശരിയായി പ്രവർത്തിക്കാത്തതാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണം. ടി-ടെബിലെ കേടായ ക്ലോഗ്ഡ് ഫിൽട്ടർ മാറ്റിസ്ഥാപിച്ച് പ്രശ്നം പരിഹരിച്ചതായി സ്പേസ് എക്സും നാസയും അറിയിച്ചു.
യു.എ.ഇ.യുടെ സുൽത്താൻ അൽ നെയാദിക്കൊപ്പം, അമേരിക്കയുടെ സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, റഷ്യയുടെ ആൻഡ്രി ഫെഡ്യേവ് എന്നിവരും ആറ് മാസം നീണ്ടുനിൽക്കുന്ന ബഹിരാകാശ ദൗത്യ സംഘത്തിലുണ്ട്.