പാലക്കാട്: ത്രിപുരയിൽ കോൺഗ്രസ്-സി.പി.എം സഖ്യം ജയിച്ചാലും തോറ്റാലും ശരിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ല. ത്രിപുരയിൽ സിപിഎമ്മിനും കോൺഗ്രസിനും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. കുറഞ്ഞ വോട്ടാണ് ലഭിച്ചതെങ്കിലും അവിടെ കോൺഗ്രസുമായി നടത്തിയ നീക്കം ശരിയാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സീറ്റ് നഷ്ട്ടമാവാൻ കാരണം ബിജെപിയും കോൺഗ്രസും പരസ്പരം വോട്ടുമറിച്ചതു കൊണ്ടാണെന്നു ഗോവിന്ദൻ ആരോപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ നാഗാലാൻഡിൽ ബിജെപിയും മേഘാലയയിൽ എൻപിപിയും ലീഡ് ചെയ്യുന്നു. ത്രിപുരയിൽ ബിജെപി-ഐപിഎഫ്ടി സഖ്യവും സിപിഎം-കോൺഗ്രസ് സഖ്യവും കടുത്ത പോരാട്ടത്തിലാണ്.