തിരുവനന്തപുരം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും സംഘപരിവാറിനും സി.ബി.ഐക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് സംഘപരിവാറിന്റെ സ്വഭാവമാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് അത്തരം ശ്രമങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണെന്നും പിണറായി പറഞ്ഞു.
“വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് സംഘപരിവാറിന്റെ സ്വഭാവമാണ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് അത്തരം ശ്രമങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണ്. സി.ബി.ഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിനർത്ഥം ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുക എന്നാണ്.
സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാരിന് കഴിയാത്തതിൽ രാജ്യവ്യാപകമായി അസംതൃപ്തി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ആ ജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണിത്. ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കുക തന്നെ വേണം. നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി എതിർക്കണം” മുഖ്യമന്ത്രി പറഞ്ഞു.