കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധിച്ച് യുവതി. ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരം ആരംഭിക്കാനാണ് യുവതിയുടെ തീരുമാനം. കോഴിക്കോട് അടിവാരം സ്വദേശിയായ ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് 2017ൽ വയറിൽ ശാസ്ത്രക്രിയാ ഉപകരണം മറന്നു വച്ചത്.
ആശുപത്രിയിലെ ജീവനക്കാരെ സംരക്ഷിക്കാനാണ് പരിശോധനാ ഫലം വൈകിക്കുന്നത് എന്നാണ് ഹർഷിനയുടെ ആരോപണം. കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത് ജനുവരി 21നായിരുന്നു. ഇതിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായും അറിഞ്ഞിരുന്നു. എന്നാൽ ഇതേ റിപ്പോർട്ട് സർക്കാർ മറച്ചുവെക്കുകയാണെന്നാണ് യുവതി പറയുന്നത്. അഞ്ച് വർഷത്തിന് ശേഷം 2022ലായിരുന്നു വയറ്റിൽ മറന്നു വച്ച കത്രിക മെഡിക്കൽ കോളേജിൽ നിന്ന് പുറത്തെടുത്തത്.
ആരോഗ്യവകുപ്പ് സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിലും റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് യുവതി നിരാഹാര സമരം തുടങ്ങാൻ തീരുമാനിച്ചത്.