ഹരിപ്പാട് (ആലപ്പുഴ): സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന എസ്.എഫ്.ഐ വനിതാ നേതാവിനെ മുൻ സുഹൃത്ത് കൂടിയായ ഡി.വൈ.എഫ്.ഐ നേതാവ് ബൈക്കിടിച്ച് മർദ്ദിച്ച സംഭവം പാർട്ടി തലത്തിൽ ഒത്തുതീർപ്പാക്കി. സംഭവത്തിൽ മർദ്ദനമേറ്റ എസ്.എഫ്.ഐ നേതാവ് പരാതി നൽകില്ല. പൊലീസിൽ പരാതി നൽകില്ലെന്ന് വനിതാ നേതാവിൽ നിന്ന് പാർട്ടി നേതൃത്വം ഉറപ്പ് വാങ്ങി. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ഡി.വൈ.എഫ്.ഐ ഹരിപ്പാട് ഏരിയ ജോയിന്റ് സെക്രട്ടറി അമ്പാടി ഉണ്ണിക്കെതിരെയാണ് പരാതിയുണ്ടായിരുന്നത്. തുടർന്ന് ഇയാളെ ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായാണ് വിവരം. പരിക്കേറ്റ യുവതി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഹെൽമറ്റ് ഉപയോഗിച്ചടക്കം മർദ്ദിച്ചതായാണ് വിവരം. കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായ പെൺകുട്ടി നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.
കുമാരപുരം പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അമ്പാടി ഉണ്ണിക്കെതിരെ പെൺകുട്ടി നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇത് ഇയാളുടെ വിവാഹാലോചനയെ ബാധിച്ചതായാണ് വിവരം. കൂടാതെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് അമ്പാടി ഉണ്ണിക്കെതിരെ എസ്എഫ്ഐ ഏരിയ സെക്രട്ടറി ശ്രീജു ചന്ദ്രൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.