തിരുവനന്തപുരം: കലോത്സവ ഭക്ഷണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതാണ് പ്രായോഗികം. ബിരിയാണി കഴിച്ച് ആർക്കെങ്കിലും നൃത്തം ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു വ്യക്തി എന്ന നിലയിലാണ് തന്റെ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“ഞാൻ നോൺ-വെജിറ്റേറിയൻ ആണ്. പ്രായോഗിക വശത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടേ. ആളുകൾ കൂട്ടമായി വരുന്നിടത്ത് വെജിറ്റേറിയൻ ആയിരിക്കും പ്രായോഗികം. കുട്ടികളുടെ ശ്രദ്ധ പൂർണ്ണമായും അവർ പങ്കെടുക്കുന്ന പ്രോഗ്രാമുകളിലായിരിക്കും. ഏതെങ്കിലും സമയത്തായിരിക്കും അവർ ഭക്ഷണം കഴിക്കുക. അതിനാൽ, സസ്യാഹാരമാണ് കൂടുതൽ അഭികാമ്യം,” സ്പീക്കർ പറഞ്ഞു.
ഭക്ഷണത്തെച്ചൊല്ലിയുള്ള വിവാദം ചേരിതിരിവിലേക്കൊന്നും എത്തിയിട്ടില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഒരാൾ അയാളുടെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയരുതെന്ന് നമുക്ക് പറയായാൻ സാധിക്കുമോ? ഏതെങ്കിലും രാഷ്ട്രീയ പാർട്ടി വിവാദം ഏറ്റെടുത്തു എന്ന അഭിപ്രായം എനിക്കില്ല. ഒരു രാഷ്ട്രീയ പാർട്ടിയും ഈ വിഷയത്തിൽ അഭിപ്രായം പറയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.