തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തൊടാതെ പൊലീസിലെ ഗുണ്ടാ ബന്ധത്തിന്റെ പേരിലെ ശുദ്ധി കലശം. ഉന്നത ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് അന്വേഷണമോ നടപടിയോ ഇല്ല. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടവരേക്കുറിച്ചുള്ള ഡി.ജി.പിയുടെ വിവരശേഖരണത്തിൽ നിന്ന് എസ്.പി മുതൽ മുകളിലോട്ടുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്.
2018 ഏപ്രിൽ ആറിന് വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്.പി എ.വി ജോർജ് ഉൾപ്പെടെ പത്തിലധികം പൊലീസുകാർക്കെതിരെ ആരോപണമുയർന്നിരുന്നു. ഒടുവിൽ മേലുദ്യോഗസ്ഥർ അന്വേഷിച്ച കുറ്റപത്രം എത്തിയപ്പോൾ എസ്.പി സാക്ഷിയായി രക്ഷപ്പെടുകയും താഴേത്തട്ടിലുള്ള പൊലീസുകാർ മാത്രം കുടുങ്ങുകയും ചെയ്തു.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പൊലീസുകാരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ഡി.ജി.പി എഴുതിയ കത്ത് ഇതിന് തെളിവാണ്. സിവിൽ പൊലീസ് ഓഫീസർ മുതൽ ഡി.വൈ.എസ്.പി വരെയുള്ളവരുടെ വിവരങ്ങൾ മാത്രം ശേഖരിക്കണമെന്നാണ് പറയുന്നത്. ഇതിനർത്ഥം എസ്പി മുതല്‍ ഉന്നതങ്ങളിലുള്ളവർ കുറ്റകൃത്യങ്ങൾ ചെയ്താലും പ്രശ്നമില്ല എന്നുതന്നെ.