അബുദാബി: സാഹോദര്യത്തിൽ കൈകോർത്ത് ഗൾഫ്. അറബ് രാഷ്ട്രത്തലവൻമാർ അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം ഖത്തർ, ഒമാൻ, ബഹ്റൈൻ, ജോർദാൻ, ഈജിപ്ത് എന്നീ രാഷ്ട്രത്തലവൻമാർ യോഗത്തിൽ പങ്കെടുത്തു.
സൗഹൃദവും വികസനവും ശക്തിപ്പെടുത്തി മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിൽ നേതാക്കൾ പുതിയ അധ്യായം എഴുതുകയായിരുന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസി എന്നിവർ സാദിയാത്ത് ദ്വീപിലെ സെന്റ് റെജിസിൽ ഷെയ്ഖ് മുഹമ്മദുമായി ആശയവിനിമയം നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മേഖലയിലെ സ്ഥിരതയും സമൃദ്ധിയും വർദ്ധിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ പ്രശ്നങ്ങളും രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകൾ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു. മേഖലയുടെ സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ സ്ഥാനങ്ങളുടെ ഏകോപനത്തിനും സംയുക്ത പ്രവർത്തനത്തിനും നേതാക്കൾ ആഹ്വാനം ചെയ്തു.