കൊച്ചി: പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിക്കൊപ്പം അൽഫാമും ഷവായിയും കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിലെ പ്രധാന പാചകക്കാരനെ അറസ്റ്റ് ചെയ്തു. കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്.
ആരോഗ്യവകുപ്പ് നേരത്തെ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഹോട്ടലിന്റെ ലൈസൻസ് ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ലൈസൻസിയുടെ പേര് പോലീസ് എഫ്ഐആറിൽ പരാമർശിച്ചിട്ടില്ല. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
അറസ്റ്റിലായ ഹസൈനാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എഴുപതിലേറെ പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് സസ്പെൻഡ് ചെയ്തു. നിലവിൽ ആറ് പേരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പുതുതായി മൂന്ന് പേർ കൂടി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.