ബോളിവുഡിൽ പുതിയൊരു വിവാഹം നടക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുലും സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയുമാണ് വധൂവരൻമാർ.
ജനുവരി 23നാണ് വിവാഹം. ചടങ്ങ് മൂന്ന് ദിവസം നീണ്ടുനിൽക്കും. സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ഡാലയിലെ ഫാം ഹൗസിൽ വച്ചാണ് വിവാഹം നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. സിനിമാ മേഖലയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കൾക്കായി വിരുന്ന് സംഘടിപ്പിക്കും. ജനുവരി 21ന് ചടങ്ങുകൾ ആരംഭിക്കുമെന്ന് സുനിൽ ഷെട്ടിയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
രാഹുലും ആതിയയും ഏറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ എത്താൻ തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉണ്ട്. ഇതിനിടയിൽ രാഹുലും ആതിയയും ഒരു പരസ്യ ക്യാമ്പയിനിലും പങ്കെടുത്തിരുന്നു.