കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, കൂട്ടുപ്രതികളായ എം.എസ് മാത്യു, പ്രിജുകുമാർ, മനോജ് എന്നിവർക്കെതിരായ കുറ്റപത്രം കോഴിക്കോട് പ്രത്യേക കോടതി വായിച്ച് കേൾപ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്നത്.
എം.എസ് മാത്യു, പ്രജികുമാർ എന്നിവർക്കെതിരെ ഗൂഢാലോചന, പ്രേരണാക്കുറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചെന്ന കുറ്റമാണ് നാലാം പ്രതി മനോജിനെതിരെയുള്ളത്.
നിസ്സംഗതയോടെയാണ് ജോളി കുറ്റപത്രം കേട്ടത്. കോടതിയിൽ ഹാജരാക്കിയപ്പോൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമങ്ങളോട് ജോളി തട്ടിക്കയറി. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കും. മറ്റ് അഞ്ച് കൊലപാതക കേസുകളിലെ വാദം ഫെബ്രുവരി നാലിന് പരിഗണിക്കും.