കോഴിക്കോട്: ഉപജില്ലാ കലോൽസവത്തിൽ ജഡ്ജിയായിരുന്ന വ്യക്തിയെ സംസ്ഥാന കലോൽസവത്തിലും വിധികർത്താവായാക്കിയെന്നു പരാതി. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരത്തിന്റെ വിധികർത്താവിനെ തിരഞ്ഞെടുത്തത് കലോൽസവം മാനുവലിനു വിരുദ്ധമാണെന്നാണ് പരാതിയിൽ പറയുന്നത്.
സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ മാനുവൽ പ്രകാരം ഉപജില്ലാ, ജില്ലാ കലോൽസവത്തിന്റെ വിധികർത്താവായിരുന്ന ഒരാളെ സംസ്ഥാന കലോൽസവത്തിന്റെ വിധികർത്താവായി നിയമിക്കരുതെന്നാണ്. എന്നാൽ ഹൈസ്കൂൾ പെൺകുട്ടികളുടെ കഥകളി മത്സരത്തിൽ ഈ നിബന്ധന ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം. കൊല്ലം ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് വിദ്യാർത്ഥി ചന്ദന ചന്ദ്രന്റെ പിതാവ് ജയചന്ദ്രനാണ് സംസ്ഥാന സ്കൂൾ കലോൽസവം പ്രോഗ്രാം കമ്മിറ്റി കൺവീനറിനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകിയത്.
സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പതിമൂന്നാം വേദിയായ ഉജ്ജയിനിയിൽ നടന്ന മത്സരത്തിലാണ് പരാതി നൽകിയത്. കരുനാഗപ്പള്ളി ഉപജില്ലാ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ പെൺകുട്ടികൾക്കായുള്ള കഥകളി (ഗ്രൂപ്പ്) മത്സരത്തിൽ വിധികർത്താവും കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കഥകളി (ഗ്രൂപ്പ്) മത്സരത്തിൽ വിധികർത്താവുമായിരുന്നു. സംസ്ഥാന സ്കൂൾ കലോൽസവം മാനുവൽ പ്രകാരം ഇത് തെറ്റാണെന്ന് ജയചന്ദ്രൻ പരാതിയിൽ ചൂണ്ടിക്കാട്ടി. മത്സരത്തിന്റെ ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ സുതാര്യവും നിഷ്പക്ഷവുമായ തീർപ്പിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു.