തിരുവനന്തപുരം: കത്ത് വിവാദത്തിൽ ഡി.ആർ. അനിലിനെ ബലിയാടാക്കി സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞെങ്കിലും മേയർ ആര്യ രാജേന്ദ്രന്റെ നിലപാടിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. മേയറെ മാറ്റില്ലെന്ന് തുടക്കം മുതൽ നിലപാടെടുത്തിരുന്ന സി.പി.എം സമവായ ചർച്ചയിൽ കോടതി വിധിയനുസരിച്ച് തീരുമാനമെടുക്കാമെന്ന് സമ്മതിച്ചു. കേസിന് മുന്നോടിയായുള്ള സാഹചര്യം മനസിലാക്കിയ ശേഷമായിരിക്കും പാർട്ടി കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുക.
മേയറുടെ കത്തിനെച്ചൊല്ലി പാർട്ടിയെ പിടിച്ചുകുലുക്കിയ വിവാദത്തിൽ ഡി.ആർ അനിലിനെ മാത്രം ബലിയാടാക്കി തടിയൂരിയെങ്കിലും മേയർക്ക് ക്ലീൻ ചിറ്റ് നൽകാൻ സി.പി.എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. കത്ത് എഴുതിയിട്ടില്ലെന്ന മേയറുടെ വാദം അംഗീകരിക്കുമ്പോഴും മേയറുടെ സമീപനത്തിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തിയുണ്ട്. മൊത്തത്തിലുള്ള പ്രവർത്തനങ്ങളിൽ പാർട്ടിക്ക് മതിപ്പുണ്ടെങ്കിലും കത്ത് വിവാദത്തിൽ വീഴ്ചയുണ്ടായെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം.
56 ദിവസമായി പ്രതിപക്ഷം നടത്തുന്ന സമരത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും അതൃപ്തിയുണ്ട്. പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുത്ത് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നതിനാൽ ആര്യ രാജേന്ദ്രൻ അക്കാര്യത്തിൽ പരാജയപ്പെട്ടുവെന്നാണ് പൊതുവികാരം.