ന്യൂയോർക്ക്: 46 കാരനായ ലഷ്കർ തയിബ തലവൻ ഹാഫിസ് തൽഹ സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യ-യുഎസ് നിർദ്ദേശം യുഎൻ രക്ഷാസമിതിയുടെ അൽ ഖ്വയ്ദ സാങ്ഷൻസ് സമിതിയിൽ ചൈന തടഞ്ഞു. ലഷ്കർ തയിബ മുൻ തലവൻ ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തൽഹ സയീദിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ചൈന വിഷയത്തിൽ എതിർപ്പ് ഉന്നയിക്കുന്നത്.
ലഷ്കർ തയിബ നേതാവ് ഷാഹിദ് മഹ്മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യ-യുഎസ് നിർദ്ദേശം യുഎൻ രക്ഷാസമിതിയുടെ അൽ ഖ്വയ്ദ സാങ്ഷൻസ് സമിതിയിൽ ചൊവ്വാഴ്ച ചൈന തടഞ്ഞിരുന്നു. 2016ലാണ് മഹ്മൂദിനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചത്. ഹാഫിസ് സയീദ് ഉൾപ്പെടെ 31 പേരെയാണ് ലഷ്കറിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും പണം ശേഖരിക്കുന്നതിലും ഇന്ത്യയിൽ ആക്രമണം ആസൂത്രണം ചെയ്യുന്നതിലും ഉൾപ്പെടെ ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ചത്.
പാകിസ്താനിലെ ലഷ്കർ ക്യാമ്പുകൾ സന്ദർശിക്കുന്ന ഹാഫിസ് തൽഹ സയീദ്, ഇന്ത്യ, യുഎസ്, ഇസ്രായേൽ എന്നിവർക്കെതിരെ ഭീകരാക്രമണത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്നതിന് തെളിവുകൾ ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ലഷ്കർ തയിബ നടത്തിയ മുംബൈ ഭീകരാക്രമണത്തിൽ യുഎസ് പൗരൻമാർ ഉൾപ്പെടെ 160 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. സംഘടനയുടെ സന്നദ്ധ വിഭാഗമായ ഫലാഹി ഇൻസാനിയത്തിന്റെ ഉന്നത നേതാവായ ഷാഹിദ് മഹ്മൂദ് പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.