തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തിരശീല ഉയരവെ, സർക്കാർ സ്കൂളുകൾ കടുത്ത അദ്ധ്യാപക ക്ഷാമത്തിൽ. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ എൽ.പി, യു.പി, ഹൈസ്കൂൾ തലങ്ങളിലായി എണ്ണായിരത്തിലേറെ അദ്ധ്യാപകരാണ് വിരമിച്ചത്. ഈ ഒഴിവുകൾപി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ കണ്ടെത്തിയ 3, 080 തസ്തികകൾക്ക് ധന വകുപ്പിന്റെയും മന്ത്രിസഭയുടെയും അംഗീകാരവും ലഭിച്ചിട്ടില്ല.
അതേ സമയം,അദ്ധ്യാപക തസ്തികകളിലേക്ക് എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള അഭിമുഖ പരീക്ഷ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ് പി.എസ്.സി. അഭിമുഖം പൂർത്തിയാക്കിയാലും സർക്കാർ പുതിയ തസ്തികകൾ അനുവദിക്കുകയും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുകയും ചെയ്താലേ പി.എസ്.സിക്ക് അതിന് ആനുപാതികമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാകൂ. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്കസരിച്ചുള്ള 3,080 പുതിയ അദ്ധ്യാപക തസ്തികകളുടെ റിപ്പോർട്ട് കഴിഞ്ഞ ഫെബ്രുവരി 10ന് ധന വകുപ്പിന് വിദ്യാഭ്യാസ വകുപ്പ് നൽകിയെങ്കിലും വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഫയൽ മടക്കി. പുതിയ അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തിൽ കുട്ടികളുടെ കണക്കെടുക്കുന്നതോടെ ഒഴിവുകളുടെ എണ്ണം ഇതിലും വർദ്ധിക്കാനാണ് സാദ്ധ്യത.