തിരുവനന്തപുരം: ഡിസംബറിനകം കേരളത്തിൽ 50000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറ് ദിവസത്തിനകം പരമാവധി 95000 തൊഴിലുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവിൽ പി. എസ്. സി മുഖേന 5000 പേർക്ക് നിയമനം നൽകാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യുന്നതിനു കർശന നിർദ്ദേശം വകുപ്പ് മേധാവികൾക്കു നൽകി. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതുസംബന്ധിച്ച വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസവും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ പോർട്ടൽ ആരംഭിക്കും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
കോവിഡ് പകർച്ചവ്യാധി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഭീതിജനകമായ രീതിയിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാൻ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതിയാണ് നടപ്പാക്കുന്നത്.
1000 ആളുകൾക്ക് 5 എന്ന തോതിൽ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാർഷികേതര മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള പരിപാടി ലോക്ഡൗണിനു മുമ്പ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് സംഭവവികാസങ്ങൾ ഇതിന് വിലങ്ങുതടിയായി. ഈ സാഹചര്യത്തിലാണ് 100 ഇന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ നൂറു ദിവസം കൊണ്ട് കാർഷികേതര മേഖലകളിൽ സൃഷ്ടിക്കുന്നത്.