
ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മരം വീണ് ഒരാൾ മരിച്ചു, 25 വീടുകള്‍ തകര്‍ന്നു. മെയ് 24 മുതല്‍ മെയ് 27 ഉച്ചയ്ക്ക് 12 വരെയുള്ള കണക്കാണിത്. ഇതില്‍ 24 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12 വീടുകളാണ് തകര്‍ന്നത്.
ഉടുമ്പന്‍ചോല താലൂക്കില്‍ 12 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ദേവികുളം താലൂക്കില്‍ അഞ്ച് വീടുകളും തൊടുപുഴ താലൂക്കില്‍ ആറെണ്ണവും ഇടുക്കി താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചു. മരം വീണ് മരണം സംഭവിച്ചത് ഉടുമ്പന്‍ചോല താലൂക്കിലാണ്.
