കോഴിക്കോട്: സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവിൽ, മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോൾ. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ചാത്തമംഗലം പ്രദേശത്തെ വാർഡുകൾ അടച്ചു . വൈറസ് ബാധയുടെ ഉറവിടം പരിശോധിക്കുന്നു.
ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂർ വാർഡ് ( വാർഡ് 9 ) അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു. പനി, ശർദ്ദി അടക്കമുള്ള ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.നിലവില്‍ 17 പേർ നിരീക്ഷണത്തിലാണ്.
സ്ഥിതി അവലോകനം ചെയ്യാൻ കോഴിക്കോട് ജില്ലാ കളക്ട്രേറ്റിൽ ഉന്നതതല യോഗം നടക്കുന്നുണ്ട്. ആരോഗ്യ മന്ത്രി വീണ ജോർജ്ജ് കോഴിക്കോടെത്തി. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എകെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരും സവിശേഷ സാഹചര്യം പരിഗണിച്ച് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.