ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യ സംഘത്തിലെ രണ്ട് കുങ്കിയാനങ്ങൾ നാളെ വയനാട്ടിൽ നിന്ന് പുറപ്പെടും. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ രണ്ട് കുങ്കി ആനകളാണ് എത്താനുള്ളത്. കുങ്കി ആനകളുടെ വരവ് വൈകിയതും പ്ലസ് ടു പരീക്ഷയും കണക്കിലെടുത്ത് മയക്കുവെടി വെക്കുന്നത് ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു. അപകടത്തിൽപ്പെട്ട വനംവകുപ്പിന്റെ ലോറി കോടതിയിൽ നിന്ന് വിട്ടയച്ചിരുന്നു. ആനയുമായി ഇന്ന് ഇടുക്കിയിലേക്ക് തിരിക്കും.
ദൗത്യ മേധാവി ഡോ.അരുൺ സക്കറിയ വെള്ളിയാഴ്ചയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25ന് മോക്ക് ഡ്രിൽ നടത്തി 26ന് അരിക്കൊമ്പനെ പിടികൂടാനാകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.
നിലവിൽ അരിക്കൊമ്പന്റെ സഞ്ചാരപാത വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുത്തങ്ങയിൽ നിന്ന് കൊണ്ടുവന്ന വിക്രം, സൂര്യൻ എന്നീ കുങ്കി ആനകളും ചിന്നക്കനാലിലുണ്ട്.