മനാമ: തന്ത്രപ്രധാനമായ നിക്ഷേപവും സഹകരണ പങ്കാളിത്തവും സംബന്ധിച്ച് യുകെയുമായി ബഹ്റൈൻ ധാരണാപത്രം ഒപ്പുവച്ചു. സോവറിൻ വെൽത്ത് ഫണ്ട് മുംതലകത്ത്, ഇൻവെസ്റ്റ്കോർപ്പ്, ജിഎഫ്എച്ച് ഫിനാൻഷ്യൽ ഗ്രൂപ്പ്, ഒസൂൾ അസറ്റ് മാനേജ്മെന്റ് എന്നിവ വഴി ബഹ്റൈനിലെ സ്വകാര്യമേഖലയിൽ നിന്ന് യുകെ സമ്പദ്വ്യവസ്ഥയിലേക്ക് 1 ബില്യൺ പൗണ്ട് നിക്ഷേപം നടത്താൻ ഈ കരാർ സഹായിക്കും.
ക്ലീൻ ടെക്നോളജി, ബിസിനസ് സേവനങ്ങൾ, ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെ നിക്ഷേപം സുഗമമാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തന്ത്രപ്രധാനമായ കരാർ ഒപ്പിട്ടത്.
സുരക്ഷ, പ്രതിരോധം, വ്യാപാരം എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന യുകെയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരവും അടുത്തതുമായ ബന്ധത്തിന്റെ അടുത്ത അധ്യായമാണ് കരാർ അടയാളപ്പെടുത്തുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മെയ് മാസത്തിൽ യുകെ ട്രേഡ് സെക്രട്ടറി കെമി ബാഡെനോക്ക് ജിസിസി സന്ദർശിച്ചതിന് പിന്നാലെയാണ് യുകെ-ബഹ്റൈൻ കരാർ.