കാസർകോട്: എഐ ക്യാമറ ഇടപാടിൽ 132കോടി രൂപയുടെ അഴിമതി നടന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.’നൂറ് കോടി വേണ്ടിവരുന്ന എഐ ക്യാമറ പദ്ധതി 232 കോടി രൂപയ്ക്കാണ് ടെൻഡർ ചെയ്തത്. 132 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാനാകില്ല.
കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവൃത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുന്നു. സർക്കാർ ഒളിപ്പിച്ചുവച്ച രേഖകൾ ഞങ്ങൾ പുറത്തുവിടുന്നു. രണ്ട് ദിവസം മുമ്പാണ് രേഖകൾ പലതും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. ടെൻഡറിൽ പങ്കെടുത്ത അക്ഷര എക്സ്പ്രസ് എന്ന കമ്പനിക്ക് പ്രവൃത്തി പരിചയമില്ലാത്തതാണ്. ഈ കമ്പനിയെ എങ്ങനെ ടെൻഡർ നടപടികളിൽ ഉൾപ്പെടുത്തി? ഗുരുതര ക്രമക്കേടാണ് നടന്നത്.’- രമേശ് ചെന്നിത്തല പറഞ്ഞു.ഇപ്പോഴും പല രേഖകളും കെൽട്രോൺ മറച്ചുവയ്ക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല, ടെക്നിക്കൽ ഇവാല്വേഷൻ സമ്മറി റിപ്പോർട്ട്, ഫിനാൻഷ്യൽ ബിഡ് ഇവാല്വേഷൻ സമ്മറി റിപ്പോർട്ടുകൾ പുറത്തുവിട്ടുകൊണ്ട് ഇവ തട്ടിക്കൂട്ട് റിപ്പോർട്ടുകളാണെന്ന് ആരോപണങ്ങൾ ഉയർത്തുകയു ചെയ്തു. സർക്കാരും കെൽട്രോണും ഒളിച്ചുവച്ച സുപ്രധാന രേഖയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.